Friday, August 15, 2008,1:58 AM
മതമില്ലാത്തവന്‍



കാരിരുമ്പിന്റെ ദൃഡതയും കഠാരയുടെ മൂര്‍ച്ചയും അവന്റെ വാക്കുകള്‍ക്കുണ്ടാകുമെന്നവന്‍ കരുതി...ഇല്ല!!..വാക്കുകള്‍ വഴുക്കനാകുന്നു. എവിടെയൊക്കെയൊ തപ്പിത്തടഞ്ഞ്‌ പുറത്തേക്കു വരാന്‍ വിമ്മിഷ്ടം കാണിച്ചു അവ എവിടേക്കോ അപ്രത്യക്ഷമാകുന്നു. ജീവന്റെ ഓജസ്സും തേജസ്സും വാക്കുകളിലാണോ? ആയിരിക്കണം . ജീവന്‍, അന്‍വര്‍ റഷീദിന്റെയും ലക്ഷ്മീദേവിയുടെയും മകന്‍...മതമില്ല്ലാത്തവന്‍. അവന്റെ വാക്കുകള്‍ ആര്‍ക്കും വേണ്ടേ? എല്ലാരും മതത്തിന്റെയും ജാതിയുടെയും പുറകെ പോകുന്നു. ജീവന്റെ വാക്കിനു വിലയില്ല !. മതവും ജാതിയും നയിക്കുന്ന സമൂഹത്തില്‍ അവയില്ലാത്തവന്‍ അന്യഗ്രഹജീവിയല്ലോ !!!


അവനെച്ചൊല്ലി എന്തൊക്കെ പുകിലുകളാണെന്നോ! അവനെ സ്കൂളില്‍ ചേര്‍ക്കാന്‍ ചെന്ന കാലം മുതലുള്ള ചോദ്യമാണ്‌ "മതം പൂരിപ്പിച്ചിട്ടില്ലല്ലോ?". 'മതമില്ല' എന്ന ഒരു കോളം മതനിരപേക്ഷമായൊരു രാജ്യത്ത്‌ കൊണ്ടുവരാന്‍ ഇവിടത്തെ മതങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും അനുവദിക്കുന്നില്ല. അങ്ങനെ വന്നാല്‍ മതത്തിന്റെ കൈപ്പിടിയില്‍ ഞെരിഞ്ഞമര്‍ന്നിരിക്കുന്ന ഒരു വിഭാഗം 'മതമില്ല' എന്ന മതമായാലോ!, വോട്ടുബാങ്കിലെ ചോര്‍ച്ച തന്നെ പ്രധാനം.

മതമില്ലത്ത മനുഷ്യനുണ്ടോ എന്ന മണ്ടന്‍ ചോദ്യവുമായി പള്ളീലച്ചന്മാരും തങ്ങളുമാരും ഇറങ്ങിയിരിക്കുന്നു. എന്താ മതമില്ലാത്തവന്‍ മനുഷ്യന്‍ ആയിക്കൂടെ എന്നു ചോദിക്കാന്‍ ഇവിടെ ഒരു 'മനുഷ്യനും' ഇല്ല. സ്വന്തം മതത്തിന്റെ കാര്യം മാത്രം നോക്കിയാല്‍ പോരേ ഇവര്‍ക്കൊക്കെ. മറ്റുള്ളവരുടെ കാര്യത്തില്‍ കൈയിട്ടിളക്കാന്‍ ഇവര്‍ക്കെന്തിന്റെ കേടാ?

ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണല്ലോ. ഏതു മതത്തിലും വിശ്വസിക്കാനും 'വിശ്വസിക്കാതിരിക്കാനുമുള്ള' സ്വാതന്ത്ര്യം ഒരിന്ത്യന്‍ പൌരനില്ലേ? ആ സ്വാതന്ത്യം അനുവദിച്ചു തരാനേ താനും ആവശ്യപ്പെടുന്നുള്ളു. ചെറുപ്പത്തില്‍ സ്കൂളില്‍ ചേര്‍ക്കാന്‍ നേരം പറഞ്ഞത്‌ ഏതു മതം വേണമെന്നു വലുതാകുമ്പോള്‍ തീരുമാനിക്കാമെന്നാണ്‌. മതമില്ലാതെ ഈ രാജ്യത്തു കഴിയാന്‍ പറ്റില്ല എന്ന വ്യംഗ്യാര്‍ത്ഥം കൂടി ആ പറച്ചിലിനുണ്ടെങ്കിലും വലുതായപ്പോഴും മതം ഒന്നും ഇല്ലാതെ ജീവിക്കാന്‍ തന്നെയാണ്‌ താല്‍പര്യം. എല്ലാ മതങ്ങളും സ്നേഹിക്കാന്‍ പഠിപ്പിക്കുന്നു. എന്നാല്‍ മതമില്ലാതെ ജീവിക്കാന്‍ ഒരു മതവും പഠിപ്പിക്കുന്നില്ല.

"മതം എന്നാല്‍ അഭിപ്രായം എന്നല്ലേ. അപ്പൊ മതമില്ലാതെ ജീവിക്കുക എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുക എന്നല്ലേ?" പലരും ചോദിച്ചിട്ടുണ്ട്‌. എന്നാല്‍ അതിനൊക്കെ ഉത്തരം നാവിലുണ്ട്‌. "വല്ലവരുടെയും അഭിപ്രായം കേട്ട്‌ കഴുതയെപ്പൊലെ ജീവിക്കുന്നതിനേക്കാളും സ്വന്തം അഭിപ്രായത്തില്‍ അടിയുറച്ച്‌ വിശ്വസിച്ച്‌ മനുഷ്യനായി ജീവിക്കുന്നതല്ലേ നല്ലത്‌?"

ഉത്തരം മുട്ടിക്കുന്ന ചോദ്യം കേട്ടു "ദൈവം ചോദിച്ചോളും" എന്നു ചിലര്‍ പറയും."

മതങ്ങളില്‍ വിശ്വാസമില്ലെങ്കിലും ദൈവം എന്ന ശക്തിയില്‍ ഞാന്‍ ആശ്വാസം കണ്ടെത്തുന്നു. ആ ശക്തിയെ ആരാധിക്കുന്നു. ആ ശക്തിയെ ക്രിസ്തുവെന്നോ അല്ലാഹുവെന്നോ കൃഷ്ണനെന്നോ ഞാന്‍ വിളിക്കുന്നില്ല. നിങ്ങള്‍ അങ്ങനെയൊക്കെ വിളിക്കുന്ന ആ supernatural ശക്തിയില്‍ ആത്മവിശ്വാസം കണ്ടെത്തുകയാണ്‌ ഞാന്‍ ചെയ്യുന്നത്‌."

"ഓ അവന്റെ ഒരു ശക്തി.!! ഈ ശക്തിയും വിശ്വസിച്ചോണ്ടിരുന്നോ... നീ ഈ ലോകത്തിലല്ലേ ജീവിക്കേണ്ടത്‌. മതവും ജാതിയുമില്ലാതെ നീയെങ്ങനെ ജോലി നേടും, എങ്ങനെ ജീവിക്കും, മരണാനന്തരം നിന്നെ എന്തു ചെയ്യും..?"


"മരണം തീര്‍ച്ചയായും ഉണ്ടാകുമല്ലോ.എത്രയോ പേര്‍ ദിനവും ലോകത്തിന്റെ പല മൂലയിലും യുദ്ധത്തിലും മറ്റും മരിച്ചുപോകുന്നു. അവരെയൊക്കെ എന്താണോ ചെയ്യുന്നത്‌ അതു തന്നെ ഈ പറയുന്ന നിങ്ങളുള്‍പ്പെടെ എന്റെ കാര്യത്തില്‍ ചെയ്യും. മൃതദേഹം അടക്കം ചെയ്യണം എന്നതില്‍ കവിഞ്ഞു എന്തെങ്കിലും അടിസ്താനം ശവസംസ്കാരം എന്ന ചടങ്ങിനു ഉണ്ടെന്നു എനിക്കു തോന്നുന്നില്ല. ഏതായാലും എന്റെ ശരീരത്തെ അധികകാലം ഒന്നും ചെയ്യാതെ സൂക്ഷിക്കുമെന്നു ഞാന്‍ കരുതുന്നില്ല...പിന്നെ, എന്നെ ഓര്‍മിക്കാന്‍ ആരും കാണില്ലായിരിക്കാം. എന്നല്‍ ജീവിക്കുന്ന കാലത്തു ലോകത്തിനു വേണ്ടി എന്തെങ്കിലും സംഭാവന ചെയ്‌താല്‍, എനിക്കുറപ്പാണ്‌ ഇപ്പോള്‍ കളിയാക്കുന്നവരും കുറ്റപ്പെടുത്തുന്നവരുമുള്‍പ്പെടെ സകലരാലും ഞാന്‍ ഓര്‍മിക്കപ്പെടും."

" നീ ന്യായങ്ങള്‍ കണ്ടു പിടിക്കുകയാണോ. എന്നാല്‍ മറ്റൊരു ചോദ്യം- നിനക്കാരു പെണ്ണു തരും?"


" മതമില്ലാത്ത എനിക്ക്‌ ഒരാളും പെണ്ണുതരില്ല!!. എന്നാല്‍ ഏതെങ്കിലും ഒരുവള്‍ എന്നോട്‌ പ്രണയം തോന്നി എന്നോടൊപ്പം കഴിയാന്‍ ധൈര്യം കാണിച്ചാല്‍ പ്രശ്നം തീരില്ലേ !. അങ്ങനെയൊന്നുണ്ടായില്ലെങ്കില്‍ പെണ്ണുകെട്ടാതെ ജീവിക്കാനും ഒരു മടിയും ഇല്ല. അങ്ങനെ ജീവിച്ചുകൂടാ എന്നു നിയമമൊന്നുമില്ലല്ലോ."

"അതൊരു പൂര്‍ണ്ണ ഉത്തരം അല്ലല്ലോ"

" മതമില്ലാത്തവന്‍ എന്ന കാരണം മാത്രം കൊണ്ട്‌ പെണ്ണുകിട്ടാതിരുന്നാല്‍ അതു സമൂഹത്തില്‍ സ്വതന്ത്രാഭിപ്രായം എടുക്കാനുള്ള്‌ സ്‌ത്രീകളുടെ സ്വാതന്ത്ര്യമില്ലായ്മയെ തന്നെയല്ലേ പ്രതിഫലിപ്പിക്കുന്നത്‌? പിന്നെ നാട്ടിലെ സ്‌ത്രീ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ എന്തു ഫലം?" ജീവന്‍ തുടര്‍ന്നു "എന്റെ തലമുറ ഇതോടെ വേരറ്റ്‌ പോകുന്നതാണു ഈ സമൂഹത്തിനു ആവശ്യമെങ്കില്‍...."


എവിടെ തിരിഞ്ഞാലും മതത്തെപ്പറ്റി ചോദ്യങ്ങള്‍. ഉത്തരം പറഞ്ഞു മടുത്തു. നാട്ടിലെ വ്യവസ്ഥിതിയെ തന്നെയാണു പഴിക്കേണ്ടത്‌. ജനിച്ചു വീണു കഴിയുന്നതിനു മുന്‍പു തന്നെ മതവും ജാതിയും അടിച്ചേല്‍പ്പിക്കുന്ന സമൂഹം. മതം ഏതുവേണമെന്നുള്ളത്‌ വിവേകപൂര്‍വം എടുക്കേണ്ട തീരുമാനം തന്നെയാണ്‌. ജനിക്കുമ്പോഴേ മതത്തെ അടിച്ചേല്‍പ്പിക്കുന്നതു കുട്ടികളുടെ സ്വതന്ത്ര ചിന്താഗതിയെ നശിപ്പിക്കുന്നു. വലിയൊരു പരിധി വരെ അവരെ മതതീവ്രവാദികളായി അവരെ വളര്‍ത്തുന്നു. കുട്ടികളില്‍ അച്ചടക്കം വളര്‍ത്താന്‍ മതങ്ങള്‍ ചെയ്യുന്ന നന്മകളെ വിസ്മരിക്കുകയല്ല. സാമുദായിക ലഹളകളുടെയും മതവിദ്വേഷങ്ങളുടെയും ഉറവിടത്തെ പരാമര്‍ശിച്ചെന്നേയുള്ളു.


വിവേകപൂര്‍ണ്ണമായി ചിന്തിക്കുന്ന ഒരാളും തീവ്രവാദി ആവില്ല. മതങ്ങളുടെ ആന്തരാംശങ്ങള്‍ തിരിച്ചറിഞ്ഞ്‌ സ്വന്തം മതം ഏതെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഒരിന്റ്യന്‍ പൌരനില്ലേ?! അഥവാ ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും. ചെറു ക്ലാസ്സുകളില്‍ തൊട്ടേ മതമേത്‌ എന്ന ചോദ്യം ചോദിക്കുന്നത്‌ തന്റെ മതം മികച്ചത്‌ എന്ന വികലസമീപനം വളര്‍ത്താന്‍ യുവതലമുറയെ പ്രേരിപ്പിക്കുകയല്ലേ? മതത്തെക്കുറിച്ച്‌ അറിവില്ലാത്ത്‌ പ്രായത്തില്‍ മതം ചോദിക്കുന്നതിനേക്കാള്‍ പക്വത കൈവന്ന ശേഷം മാത്രം അവയെപ്പറ്റി ചോദിക്കുന്നതല്ലേ?


ഇതൊക്കെ ആര്‌ കേള്‍ക്കാന്‍. ഇവയൊക്കെ എല്ലാരോടുമായി ചോദിക്കണമെന്നുണ്ട്‌. ചോദിക്കാന്‍ നാവു പൊന്തുന്നില്ല. എങ്ങനെ പൊന്താന്‍ ? എല്ലാരും കൂടി തനിക്കു ചെറുപ്പത്തില്‍ സംഭവിച്ച കാര്യം പാഠപുസ്‌തകമാക്കി ഒടുവില്‍ കത്തിച്ചുകളഞ്ഞു. ഇതോക്കെ ചോദിക്കാന്‍ നിന്നാല്‍ തനിക്കും ആ ഗതി വന്നാലോ !!. വാക്കുകള്‍ വഴുക്കനാകുന്നതു സ്വന്തം നന്മയ്ക്കാണെന്നു ജീവനു മനസ്സിലാകുന്നു. മതമില്ലാത്തവന്‍ ജീവനില്ല്ലാത്തവനാകുന്നതിനു മുന്‍പു അവന്‍ ആ നാട്‌ കടന്നു.



-------------------------------------------------------------------------------------------------
------------------------------------------------------------------------------------------
 
"തല്ലുകൊണ്ട്‌ ജീവിതം മുരടിച്ചവര്‍ക്കായി സമര്‍പ്പണം "
tallukollikal@gmail.com
layout design by "tallukollikal"