Friday, May 30, 2008,10:37 PM
ഓര്‍മകള്‍
വിജനതയുടെ തീരങ്ങളില്‍ നില്‍ക്കുമ്പോഴും സ്വയം ഏകനല്ല എന്നൊരു തോന്നല്‍ ഉണ്ടാകുമെങ്കില്‍ അത്‌ എന്തുകൊണ്ടാണ്‌?...അറിയില്ല !!!. പലപ്പോഴും ഓര്‍മകളാവാം വിജനതയും ജീവിതവും തമ്മിലുള്ള വ്യത്യാസം നിശ്ചയിക്കുന്നത്‌. ഓര്‍മകള്‍ പലതരം ഇല്ലേ?സുഖകരവും നൊമ്പരപ്പെടുത്തുന്നവയും...ഇവയൊക്കെ എത്രകണ്ടു സ്വാധീനിക്കുന്നു എന്നതു ജീവിത നാള്‍വഴികളില്‍ കൂടി പിന്നോട്ടു സഞ്ചരിച്ചാലേ മനസ്സിലാകൂ...

എന്തെല്ലാം ഓര്‍മകളാണ്‌ ഉള്ളതെന്നോ !!!അമ്മയുടെ കൈപിടിച്ച്‌ പുത്തന്‍ ഷര്‍ട്ടുമിട്ടു സ്കൂളില്‍ ചേരാന്‍ പോയ ദിവസം മുതല്‍ കുറച്ചു നേരം മുന്‍പ്‌ നടന്ന സംഭവങ്ങള്‍ വരെ...
ഒരു ഭാഗത്ത്‌ നഗരജീവിതത്തിന്റെ ഓര്‍മകള്‍ ഒള്ളപ്പോള്‍ തന്നെ മറുഭാഗത്തെ ഗ്രാമചിത്രം മനസ്സില്‍ ഒരു വ്യത്യസ്താനുഭൂതി ഉളവാക്കുന്നു...സ്ഥലം അമ്മവീട്‌ ... ലോകത്തിലെ ഏറ്റവും പ്രകൃതിരമണീയമായ സ്ഥലം എന്നൊന്നും അവകാശപ്പെടാന്‍ ഞാനില്ല. ഇന്നു അങ്ങനെ തീരെ പറയാന്‍ കഴിയില്ല. എന്റെ കുട്ടിക്കാലത്തെ കല്ലൂര്‍ക്കാടിന്റെ ഓര്‍മകള്‍ ശരിക്കും മനസ്സില്‍ ഒരു പുതുജീവന്‍ തുടിപ്പിക്കാന്‍ പോന്നവയാണ്‌.

എനിക്ക്‌ അവിടെയും അധികം സുഹ്രുത്തുക്കള്‍ ഇല്ല.ഏകാന്തതയും ആ പ്രകൃതിയുമായിരുന്നു എന്റെ ഉറ്റ സുഹ്രുത്തുക്കള്‍. വീട്ടിലുള്ളവരെല്ലാം മുതിര്‍ന്നവര്‍. ഒള്ള അനിയത്തിയാണെങ്കില്‍ മഹാ പോക്കിരിയും. അവള്‍ടെ ശല്യം സഹിക്കവയ്യാതെ ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി നടക്കാറുണ്ട്‌. അല്ലെങ്കിലും വീട്ടില്‍ കുത്തിയിരിക്കുന്ന ശീലം അവിടെ ആര്‍ക്കും ഇല്ല. അവിടത്തെ വീടുകള്‍ക്കൊന്നും മതിലുകളോ മറ്റ്‌ വേലിക്കെട്ടുകളോ ഇല്ല. വീടിനു തന്നെ ധാരാളം സ്ഥലം. വലിയ മുറ്റം കൂടാതെ പറമ്പ്‌, പാടം തുടങ്ങി അങ്ങു കിടക്കുന്നു കളിക്കാനും കാറ്റുകൊണ്ടിരിക്കാനുമൊക്കെ ധാരാളം സ്ഥലങ്ങള്‍.
വീട്ടുമുറ്റത്തെ കൊക്കോക്കാ മരങ്ങള്‍ അന്നു എന്റെ പ്രിയപ്പെട്ടവയായിരുന്നു. വെറുതെ വീട്ടിലിരിക്കാന്‍ മടിച്ചു ഞാന്‍ ചെന്നു ആ മരങ്ങളില്‍ കയറാറുണ്ട്‌. അവയില്‍ കയറി ഇറങ്ങി കളിക്കുന്നത്‌ അന്നു ഒരു ഹരമായിരുന്നു. കയറും, ഇറങ്ങും ,അടുത്തതില്‍ കയറും, ഇറങ്ങും, പിന്നെ അടുത്തതില്‍...അങ്ങനെ പോകും. അവസാനം വീട്ടിലെത്തുമ്പൊഴെക്കും ശരീരത്തിലെ തൊലി കുറെ പോയിക്കഴിഞ്ഞ്‌ കാണും. അവിടത്തെ ഒട്ട്‌ മിക്ക കൊക്കോ മരങ്ങളും എന്റെ പാദസ്പര്‍ശമേറ്റു ധന്യമായവയാണ്‌.
വീട്ടുമുറ്റത്തു എന്റെ കുഞ്ഞമ്മ വളരെ കാര്യമായി പരിപാലിക്കുന്ന ഒരു പൂന്തോട്ടം ഉണ്ട്‌. കുഞ്ഞമ്മയും ഞാനും എപ്പൊഴും വഴക്കാണ്‌. കുഞ്ഞമ്മ എന്നെ നുള്ളുകയും പിച്ചുകയുമൊക്കെ ചെയ്യും. വെറുതെ ഒന്നുമല്ല ,കുഞ്ഞമ്മെടെ പൂന്തൊട്ടം എന്നെ കൊണ്ട്‌ കഴിയുന്ന രീതിക്കു നശിപ്പിക്കുക എന്നതു എന്റെ പ്രിയപ്പെട്ട വിനോദമാണ്‌. പിന്നെങ്ങനെ കുഞ്ഞമ്മയ്ക്കു ദേഷ്യം വരാതിരിക്കും?

വീടിന്റെ മുറ്റത്തു ഒരു ചെറിയ തോടുണ്ട്‌.മണിയന്ത്രം മലയില്‍ നിന്നുദ്ഭവിച്ചു കുറേ ദൂരം നിലത്തുകൂടെ ഒഴുകി എവിടെയൊ വെച്ചു മൂവാറ്റുപുഴയാറില്‍ പതിക്കുമെന്നു ആരൊക്കെയോ പറഞ്ഞു പരത്തുന്ന തോട്‌. വേനല്‍ക്കാലത്തൊഴികെ മറ്റ്‌ എല്ലായ്പ്പൊഴും നല്ല വെള്ളമുണ്ടാവാറുള്ള തൊടാണത്‌. അതിനാല്‍ തന്നെ വീട്ടിലെ അലക്കൊക്കെ അവിടെ വെച്ചാണ്‌. ഞാന്‍ അവിടെ ചെന്നാല്‍ പിന്നെ എന്റെ പ്രധാന കളി ആ തോട്ടില്‍ മീന്‍ പിടിക്കാന്‍ എന്നു പറഞ്ഞു ഇറങ്ങുന്നതാണ്‌. ആ തോട്ടില്‍ മീന്‍ ഇല്ലെന്നു എനിക്കും അവിടുള്ളവര്‍ക്കെല്ലാര്‍ക്കും അറിയാം. എന്നാലും ഞാന്‍ എന്നും അതിലിറങ്ങി കളിക്കാറുണ്ട്‌. ഞാന്‍ ഇറങ്ങുന്നതിനു മുന്‍പു ശുദ്ധ വെള്ളം ഒഴുകിയിരുന്ന ആ തോടു ഞാന്‍ കളിച്ചു കയറുമ്പോഴേക്കും കാളിന്ദി പോലെ ആകും. !!! ആ തോടിന്റെ കരയില്‍ നിറയെ പുല്ലുണ്ടായിരുന്നു. വീട്ടില്‍ നിന്നു ആരെങ്കിലും തോട്ടില്‍ അലക്കാന്‍ ചെന്നാല്‍ ഞാനും കൂടെ പോകും. ഞാന്‍ ചെല്ലുമ്പൊ തന്നെ വെള്ളം കലക്കാനാണെന്നു എല്ലാര്‍ക്കും അറിയം. അതുകൊണ്ടു തന്നെ അലക്കുന്ന സമയത്ത്‌ എന്നെ ആരും വെള്ളതിലിറങ്ങാന്‍ സമ്മതിക്കാറില്ല. ആ സമയം ഞാന്‍ തൊട്ടിന്‍ കരയിലെ ആ പുല്ലില്‍ ചാടിയും ഉരുണ്ടുമൊക്കെ കളിക്കും. അപ്പൊഴേക്കും ഇട്ടിരിക്കുന്ന ഉടുപ്പൊക്കെ ചെളിയാവും. പിന്നെ ഉടന്‍ തന്നെ ആ ചെളി കളയാനെന്നു പറഞ്ഞു തോട്ടിലിറങ്ങും, പിന്നെത്തെ കാര്യം പറയണ്ടല്ലൊ!!!.

വീടിനു മുന്നിലെ റോഡിന്റെ അരികിലെ കവുങ്ങിന്‍ തോട്ടത്തില്‍ കാറ്റ്‌ കൊണ്ടിരിക്കുക എന്നതു ഇന്നും സുഖകരമായ ഓര്‍മതന്നെയാണ്‌. ഞാനും അമ്മയും കുഞ്ഞമ്മമാരും ഒക്കെ കൂടി വൈകുന്നേരങ്ങളില്‍ പാടത്തിനും കവുങ്ങിന്‍ തോട്ടത്തിനും ഇടയ്ക്കുള്ള വരമ്പത്തു കല്ലൂര്‍ക്കാട്‌ മലക്ക്‌ അഭിമുഖമായി, വഴിയെ പോകുന്ന ചേടത്തിയോടും അങ്ങെവീട്ടിലെ കൊച്ചേട്ടനോടും ഒക്കെ നാട്ടുകാര്യവും വീട്ടുകാര്യവും പറഞ്ഞു ഇരിക്കും. മിക്കവാറുമൊക്കെ ,ഞാന്‍ ചെല്ലുന്നത്‌ നെല്‍ വിളവെടുപ്പ്‌ കഴിഞ്ഞു പാടത്തു രണ്ടാം വിളയായി പയറോ കോവയ്ക്കയൊ ഒക്കെ നടാറുള്ള സമയത്താണ്‌. പയറൊക്കെ ഏകദേശം വിളഞ്ഞു നില്‍ക്കുന്ന സമയം. അതിനാല്‍ തന്നെ കാറ്റുകൊണ്ടിരിക്കുന്നതോടൊപ്പം വിളഞ്ഞ പയറ്‌ പറിക്കുകയും ചെയ്യും. പറിക്കുന്നവയാണോ തിന്നുന്നവയാണോ കൂടുതല്‍ എന്നു നിര്‍ണ്ണയിക്കാന്‍ പ്രയാസം!!! .മുന്‍പന്തിയില്‍ എന്റെ വന്ദിതമാതാവ്‌ തന്നെ !!! .വീട്ടിലെ സ്ത്രീജനങ്ങള്‍ മുഴുവനും അപ്പോഴേക്കും എത്തും.വൈകുന്നേരം കാറ്റ്‌ കൊള്ളുന്നതിന്റെ സൈഡ്‌ ബിസിനസ്സ്‌ ആണീ പണി. എല്ലാവരും ജോലി ഒക്കെ ഒതുക്കി വിശ്രമിക്കുന്ന സമയം. കവുങ്ങിലെ അടയ്ക്ക പൊട്ടി വീണിട്ടുണ്ടോ , കോവയ്ക്കയും പയറുമൊക്കെ വിളഞ്ഞിട്ടുണ്ടോ, കുരുമുളകും ചീനി മുളകുമൊക്കെ പറിക്കാറായോ എന്നൊക്കെ നോക്കുന്നതു മൊത്തമായി ഞാന്‍ ഏറ്റെടുക്കും. വൈകുന്നേരം എറ്റവും കൂടുതല്‍ പയറു പറിക്കുന്നത്‌ ഞാന്‍ ആവണമെന്ന് എനിക്കു നിര്‍ബന്ധമാണ്‌. മറ്റൊരു വിനോദമാണ്‌ പാള പെറുക്കല്‍. എന്റെ അനിയത്തിയും ഞാനും തമ്മില്‍ സ്ഥിരം മത്സരമാണ്‌ പാള പെറുക്കാന്‍ !!! നല്ല പാള ആദ്യം എടുത്തു കൊടുത്താല്‍ മുത്തശ്ശിയോ അച്ചാച്ചനോ അമ്മച്ചിയോ നല്ല വിശറി ഉണ്ടാക്കിത്തരും. അതിനു വേണ്ടി പാള പെറുക്കാന്‍ കാവല്‍ ഇരുന്നിട്ടുവരെ ഉണ്ട്‌. !!!

രാവിലെ തുടങ്ങും ഞാനും അനിയത്തിയുമായുള്ള മത്സരം. ജേഷ്ഠനാണെന്നുള്ള ഒരു പരിഗണന പോലും തരാറില്ല. എന്ത്‌ ചെയ്താലും അവസാനം പഴി എനിക്കു തന്നെ "നീ അല്ലേടാ മൂത്തത്‌ , നിനക്കു വകതിരിവില്ലേ !" എന്ന സ്ഥിരം ചോദ്യവും!!!. എന്നാലും വീട്ടിലെ ആദ്യ ചെറുമകന്‍ എന്ന നിലയില്‍ എന്നെ എല്ലര്‍ക്കും വല്യ കാര്യമാണ്‌. അതുകൊണ്ട്‌ തന്നെ ഞാന്‍ എങ്ങനെയെങ്കിലും രക്ഷപ്പെടും. രാവിലെ പത്രം എടുക്കുന്നത്‌ മുതല്‍ രാത്രി അത്താഴം കഴിക്കുന്നത്‌ വരെ മത്സരം തുടരും... രാവിലെ പത്രം വരുന്നത്‌ ഒരു ഏഴ്‌ മണിയോട്‌ അടുപ്പിച്ചാണ്‌.അതായത്‌ ഞാന്‍ എഴുന്നേല്‍ക്കുന്ന സമയം. ആ പത്രം ആദ്യം എടുക്കുന്നതിന്‌ തുടങ്ങും മല്‍സരം. വായിക്കാന്‍ അറിയില്ലെങ്കിലും അവള്‍ക്കു ആദ്യം പത്രം എടുക്കണം. ഞാനുണ്ടോ വിട്ടു കൊടുക്കുന്നു! ഇങ്ങനെ പല ദിവസങ്ങളിലും വീട്ടുകാര്‍ക്ക്‌ പത്രത്തിന്റെ ചില കഷണങ്ങള്‍ മാത്രം കിട്ടാന്‍ തുടങ്ങിയതോടെ വീട്ടില്‍ പത്രത്തിന്റെ വരവങ്ങു നിര്‍ത്തി.

വീട്ടിലെ പറമ്പുകളെ ഞാന്‍ മൂന്നു ആയി തിരിച്ചിട്ടുണ്ട്‌. ഒന്നു വീടിന്റെ ചുറ്റുമുള്ള മുറ്റവും പരിസരവും, പിന്നൊന്നു മാവിന്‍ ചോട്ടിലെ പറമ്പ്‌, അടുത്തതു കപ്പത്തോട്ടം. മാവിന്‍ ചോട്ടിലെ പറമ്പിലേക്കു ഒറ്റ ഓട്ടത്തിന്‌ എത്താവുന്ന ദൂരമേയുള്ളു. മാവെന്നു പറഞ്ഞാല്‍ നല്ല ഉഗ്രന്‍ നാടന്‍ മാവ്‌. മാമ്പഴക്കാലമായാല്‍ പിന്നെ അവിടെ കാണുന്നത്‌ മുഴുവനും മാമ്പഴമായിരിക്കും..മഴക്കാലത്തു കാറ്റിലും മഴയിലും നിലമ്പൊത്തുന്ന മാമ്പഴം പെറുക്കികൂട്ടി വീട്ടിലെത്തിക്കുന്നത്‌ എന്റെ പണിയാണ്‌. മാവിന്റെ ചോട്ടില്‍ പൈനാപ്പിള്‍ കൃഷി ഉണ്ട്‌. അതിന്റെ ഇടയില്‍ വീണു കിടക്കുന്ന മാമ്പഴം മുള്ളുകൊള്ളാതെ ചെന്നെടുത്തു കൂട്ടിവെച്ചു വീട്ടിലോട്ടു എടുത്ത്കൊണ്ട്‌ പോകുക ചില്ലറ കാര്യമല്ല. പലപ്പോഴും മുഴുവനും കൈയ്ക്കുള്ളില്‍ കൊള്ളില്ല. പിന്നെ അവ മുഴുവനും ഷര്‍ട്ടിനുള്ളിലും മറ്റും ഇട്ടാണ്‌ എടുത്തുകൊണ്ടു പോകുന്നത്‌. ആ പറമ്പിനിടയില്‍ ഒരു ചേരയെ കണ്ട ശേഷമുള്ള കുറെകാലം ഞാന്‍ അവിടെ മാങ്ങ എടുക്കന്‍ കയറാറില്ലായിരുന്നു.

കപ്പത്തോട്ടം എന്നത്‌ തികച്ചും സീസണല്‍ ആണ്‌. കപ്പ നടാത്തപ്പൊ അവിടം തരിശായി കാടും പള്ളയുമൊക്കെ പിടിച്ചു കിടക്കും. പിന്നീടു കപ്പ നടാന്‍ നിലം ഒരുക്കുക എന്നത്‌ എനിക്കു എക്കാലത്തും ഹരം പകരുന്ന പണിയാണ്‌. വല്യമ്മാവന്റെ കൂടെ ഞാനും കൂടും, കപ്പ നടാന്‍!!!. ഇടയ്ക്കു വല്യമ്മാവന്‍ തളരുമ്പോള്‍ വീട്ടീന്നു കഞ്ഞിവെള്ളം കൊണ്ടു കൊടുക്കുന്ന ചുമതല എനിക്കാണ്‌. കൊണ്ടു വരുന്ന വെള്ളത്തില്‍ ഒട്ടുമുക്കാലും ഞാന്‍ തന്നെയാവും കുടിച്ചു തീര്‍ക്കുക. !! വീട്ടില്‍ നിന്നും കഞ്ഞിവെള്ളം വലിയ പാത്രത്തില്‍ നിറച്ച്‌ തുളുമ്പാതെ എത്തിക്കുമ്പോഴേക്കും ഞാന്‍ തളര്‍ന്നു പോകും. പിന്നെ ആ കഞ്ഞിവെള്ളത്തിന്റെ രുചി, സ്വര്‍ലോക ഭക്ഷണം തോറ്റു പോകും. എനിക്കു ഏറ്റവും ഇഷ്ടമുള്ള പണി കശുവണ്ടി പറിക്കാന്‍ പോകുന്നതാണ്‌. വീട്ടിലെ പറമ്പില്‍ നിറയെ കശുമാവുണ്ട്‌. കുഞ്ഞമ്മാവനാണു സാധാരണ കശുവണ്ടി പറിക്കാന്‍ ഡ്യൂട്ടി. കുഞ്ഞമ്മാവന്‍ പോകാന്‍ നേരം ഞാനും കൂടെ പോകും. പറമ്പില്‍ നിറയെ മുള്ളും കൊതുകും ഒക്കെ ഉള്ളതുകൊണ്ടു വരണ്ടാ വരണ്ടാ എന്നേ കുഞ്ഞമ്മാവന്‍ പറയാറുള്ളു. എന്നാലും ഞാന്‍ കൂടെ പോകും. തോട്ടി കൊണ്ട്‌ കുഞ്ഞമ്മാവന്‍ പറിച്ചിടുന്ന കശുവണ്ടി മുഴുവനും പെറുക്കിക്കൂട്ടി ബക്കറ്റിലാക്കുന്നതു ഞാനാണ്‌. കശുവണ്ടി നില്‍ക്കുന്ന പറമ്പ്‌ ശരിക്കും ഒരു വനത്തിന്റെ പ്രതീതി ഉളവാക്കും. പിന്നീട്‌ കാട്ടില്‍ പോയിട്ടുണ്ടെങ്കിലും ആ പറമ്പില്‍ നില്‍ക്കുന്നതു പോലെയേ തോന്നിയിട്ടുള്ളൂ. കശുവണ്ടി പറിക്കാന്‍ പോയിട്ടുവരുന്നത്‌ ശരീരം നിറയെ മുള്ളുകളുമായിട്ടായിരിക്കും. മിക്കവാറും കശുവണ്ടികളൊക്കെ വീഴുന്നത്‌ പൈനാപ്പിള്‍ ചെടിയുടെ മുകളിലാവും. അതിനിടയില്‍ നിന്നും കണ്ടുപിടിച്ച്‌ വിജയകരമായി കശുവണ്ടി എടുക്കുമ്പോഴേക്കും മുള്ളുകൊണ്ടില്ലെങ്കിലേ അദ്ഭുതമുള്ളൂ.

എന്റെ സ്വഭാവവിശേഷണങ്ങളില്‍ പ്രധാനമായിരുന്നു കൊതികുത്ത്‌, അഥവാ ഒരുതരം ഈഗോ . എന്തെങ്കിലും ഈഗോ ക്ലാഷ്‌ ഉണ്ടായതായി എനിക്കു തോന്നിയാല്‍ പിന്നെ ആരോടും മിണ്ടാതെ എല്ലാരോടും വഴക്കടിച്ചു നില്‍ക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ എന്റെ വല്യമ്മായി എനിക്കു കശുവണ്ടി ചുട്ട്‌ അണ്ടിപ്പരിപ്പ്‌ എടുത്തുകൊണ്ടുവന്നുതരും. അതിന്റെ മണമടിക്കുമ്പോ തന്നെ നാവില്‍ വെള്ളമൂറും. പിന്നെങ്ങനെ ഞാന്‍ വഴക്കു കൂടും?. പിന്നെ ഒട്ടയിരുപ്പിനു കിട്ടിയ അണ്ടിപ്പരിപ്പ്‌ മുഴുവനും തിന്നു തീര്‍ത്തിട്ടെ മറ്റുപരിപാടികളുള്ളൂ.

ഇത്തരം രസമേറിയതും ഹരം പിടിപ്പിക്കുന്നതുമായുള്ള ധാരാളം ഓര്‍മകളുണ്ട്‌. ഇവയില്‍ പലതും ഇന്നു ഓര്‍മകളില്‍ മാത്രം അവശേഷിക്കുന്നു. പറമ്പിലെ മാവ്‌, കൊക്കോക്കാ മരങ്ങള്‍, ചെമ്മണ്‍ പാത, ആ തോട്ടിലെ ശുദ്ധ്ജലം, ...പിന്നെ എല്ലാത്തിലും വലുതായി എന്റെ അച്ചാച്ചന്‍, എന്റെ അമ്മയുടെ അച്ഛന്‍. അച്ചാച്ചനെ കുറിച്ചു നിറയെ നിറയെ ഓര്‍മകള്‍ .എനിക്കു തടിമധുരം തരുന്നതും, എന്നെ സൈക്കിളില്‍ ഇരുത്തി പള്ളിയില്‍ കൊണ്ടുപോകുന്നതും, എന്നെക്കൊണ്ട്‌ അച്ചാച്ചന്റെ തലയിലെ താരന്‍ ഒരു പേനാക്കത്തി കൊണ്ട്‌ ഇളക്കിക്കളയിക്കുന്നതും, എന്റെ കൊതി അറിഞ്ഞു എനിക്കു ബെസ്റ്റോട്ടലില്‍1 നിന്നും ചായയും കടിയും വാങ്ങി തരുന്നതും, എന്നെ മുടിവെട്ടിക്കാന്‍ കൊണ്ടുപോകുന്നതും, എല്ലാമെല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഓര്‍മ്മിക്കുന്നു.

ഒടുവില്‍ അച്ചാച്ചന്‍ ബോംബെയ്ക്കു ചികിത്സയ്ക്കായി പോയപ്പൊ എനിക്കു കാണാന്‍ പോകാന്‍ കഴിയാതിരുന്നതും, പിന്നീടു വാഴക്കുളം ആശുപത്രിയില്‍ അച്ചാച്ചനെ അഡ്മിറ്റ്‌ ചെയ്തറിഞ്ഞു കാണാന്‍ ചെന്ന എനിക്ക്‌ അച്ചാച്ചനു കഴിക്കാന്‍ വെച്ചിരുന്ന ചപ്പാത്തിയും മസാലക്കറിയും തന്നതും, പിന്നീടു കൊതിയനെന്നു വിളിച്ച്‌ കളിയാക്കിയതും...

നൊമ്പരപ്പെടുത്തുന്ന ഓര്‍മകള്‍ അവശേഷിക്കുന്നു.!!!. അന്നു രാത്രി പേമാരി കോരിച്ചൊരിഞ്ഞിരുന്നു. ഒപ്പം ഇടിമിന്നലും. അമ്മച്ചിയും കുഞ്ഞമ്മാവനുമായിരുന്നു അന്നു അച്ചാച്ചനൊപ്പം ആശുപത്രിയില്‍. അമ്മയും ഞാനും കൂടി എന്റെ പേരെഴുതി വെച്ചിട്ടുള്ള എന്റെ കുത്തകാവകാശമായ കട്ടിലില്‍ കിടക്കുകയാണു. പെട്ടെന്നുള്ള ഇടിമുഴക്കം കേട്ട്‌ ഞാന്‍ ഞെട്ടി ഉണര്‍ന്ന് കരഞ്ഞു. നെഞ്ചു പൊട്ടുന്നപോലെ. അമ്മയോടു ചേര്‍ന്നു കിടന്നു ഞാന്‍ ചോദിച്ചു " അച്ചാച്ചനു വല്ലതും പറ്റുവോ അമ്മേ?" ഇല്ലെന്നു പറഞ്ഞു എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ച അമ്മയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. പിറ്റേന്നു രാവിലെ ഞങ്ങളെ വിളിച്ചുണര്‍ത്തുകയായിരുന്നു. അച്ചാച്ചന്‍ ഓര്‍മകളില്ലാത്ത ലോകത്തേക്ക്‌ പോയി എന്നു പിന്നീടാണു എനിക്കു മനസ്സിലായത്‌.

ഓര്‍മകള്‍ ഇങ്ങനെ പോകുന്നു. ജീവിതം തിരക്കുപിടിപ്പിച്ചിട്ടു ഓര്‍മകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ ലോകത്ത്‌ ഓര്‍മകള്‍ കൂടി കൂട്ടില്ലെങ്കില്‍ തികച്ചും ഒറ്റപ്പെട്ടുപോകും. ഓര്‍മകള്‍ ജീവിതത്തെ മുന്നോട്ടു മുന്നോട്ടു നയിക്കുന്നു, കാരണം 'കൊഴിയുന്ന ഓരോ നിമിഷവും ഓര്‍മകളാണ്‌'.




1.ബെസ്റ്റ്‌ ഹോട്ടല്‍
 
"തല്ലുകൊണ്ട്‌ ജീവിതം മുരടിച്ചവര്‍ക്കായി സമര്‍പ്പണം "
tallukollikal@gmail.com
layout design by "tallukollikal"